പാഠപുസ്തക വിവാദത്തിന്റെ നേര്
ഈ വര്ഷത്തെ പത്താംതരത്തിലെ പാഠപുസ്തകംപരിഷ്ക്കരിച്ചുപുറത്തിറക്കിയിരിക്കുകയാണല്ലോ.ഉള്ളടക്കത്തിലും,
രചനാക്രമീകരണത്തിലും ഏറെ ശ്രദ്ധ പുലര്ത്തിയിട്ടുള്ള പുസ്തകമാണ്
ഇത്തവണത്തേത്ത്. മലയാളവും, ഇംഗ്ലീഷും, സാമൂഹ്യശാസ്ത്രം തുടങ്ങിയവയെല്ലാം
ഏറെ നിലവാരം പുലര്ത്തുന്നുെന്നാണ് അധ്യാപകരില് നിന്ന് അറിയാന്
സാധിക്കുന്നത്. അടുത്ത വര്ഷത്തോടെ ഐടി പാഠപുസ്തകവും പരിഷ്ക്കരിച്ച്
പൂര്ണ്ണമായും സ്വതന്ത്ര സോഫ്ട് വെയറായ ലിനക്സിനെ
അടിസ്ഥാനമാക്കിയായിരിക്കും പരിഷ്ക്കരിക്കുകയെന്ന് കരുതുന്നു.
പാഠപുസ്തകം കുട്ടികളുടെ കയ്യിലെത്തും മുമ്പെ ഇന്റര്നെറ്റില് അപ് ലോഡ്
ചെയ്തത് എല്ലാവര്ക്കും ഏറെ ഗുണകരമായി കാണും. അധ്യാപകര്, അധ്യാപക-പരീശീലന
വിദ്യാര്ത്ഥികള്, ട്യൂഷന് പഠിപ്പിക്കുന്ന അധ്യാപകര്, വിദ്യാര്ഥികള്
എല്ലാവര്ക്കും ഇത് വളരെയധികം സഹായിച്ചിട്ടു്.എന്നാല് നിര്ഭാഗ്യ കരമെന്ന്
പറയട്ടെ ഏത് പുതിയ സംഗതിയേയും ഒന്നു വിമര്ശിച്ച ശേഷം സ്വീകരിക്കുകയെന്ന
തത്വം ഇവിടെയും നമുക്ക് കാണാന് സാധിച്ചു. സാമൂഹ്യശാസത്രം
പാഠപുസ്തകത്തിനെതിരെയാണ് ഇവിടെയും വിമര്ശകര് രംഗത്തുവന്നത്. ഏഴാംതരത്തില്
മതമില്ലാത്ത ജീവന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്
മാറുംമുമ്പെ അടുത്ത പ്രശ്നങ്ങളുമായി സമുദായ സംഘടനകള്
രംഗത്തെത്തിയിരിക്കുന്നു. ക്രൈസ്തവ സംഘടനയായ കെസിബിസി എന്ന സംഘടനയാണ്
ഇത്തവണ രംഗത്തുവന്നിട്ടുള്ളത്.
പ്ത്താംതരം സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം പാഠഭാഗത്തിലെ ചില
വസ്തുതകളോടാണ് ഈ വിഭാഗം ആളുകള്ക്ക് രൂക്ഷമായ എതിര്പ്പുള്ളത്. ആധുനിക
ലോകത്തിന്റെ ഉദയം എന്ന ആദ്യ പാഠഭാഗത്ത് പതിനാലും, പതിനഞ്ചും നൂറ്റാില്
യൂറോപ്പിലുായ നവോത്ഥാനവും അതിനെ തുടര്ന്നുായ മാറ്റങ്ങളുമാണ് പ്രധാനമായും
ചര്ച്ചചെയ്യപ്പെടുന്നത്. ഈ കാലഘട്ടത്തില് യൂറോപ്പിലെ പോപ്പിന്റെയും,
ഫ്യൂഡല് പ്രഭുക്കന്മാരുടെയുംം അഴിമതി, ദുര്ഭരണം തുടങ്ങിയ കാര്യങ്ങള്
പരാമര്ശിക്കുന്നു്. സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ പുനര്
നിര്മ്മാണത്തിനായി പോപ്പ് പാപപരിഹാര വില്പ്പന എന്ന പേരില് അറിയപ്പെട്ട
ആത്മീയ കച്ചവടത്തെ സൂചിപ്പിച്ചതാണ് കെസിബിസി പോലെയുള്ള സമുദായ സംഘടനകളെ
പ്രകോപിപ്പിച്ചിരിക്കുന്നത്.
പാഠ പുസ്തകം നിരോധിക്കണമെന്നൊക്കെയാണ് കെസിബിസി ആവശ്യപ്പെടുന്നത്. ഈയൊരു
പശ്ചാത്തലത്തില് പ്രൊഫസര്‍ വി.കാര്ത്തി കേയന്‍ നായര്‍ എഴുതിയ ഈ ലേഖനം
പത്താംതരത്തിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകത്തെ കുറിച്ച് ഉയര്ന്ന് വന്ന
വിമര്ശോനങ്ങളോടുള്ള വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. പരാതി
ഉന്നയിക്കുന്ന കെസിബിസിയുടെ നിലപാട് വ്യക്തമാക്കുന്ന ബിഷപ് മാര്‍
ജോസഫ് കല്ലാറങ്ങോട്ടിന്റെ ലേഖനവും ഇതോടൊപ്പം ചേര്ക്കുകന്നു.
ജാതി-മതസംഘടനകള് പഠിപ്പിക്കുന്ന സാമൂഹ്യപാഠം
കേരളത്തിലെ സ്കൂള് ക്ലാസുകളില് ചരിത്രപഠനത്തിന്റെ ദിശാബോധം
തെറ്റിക്കുന്നതിനുള്ള ബോധപൂര്വമായ ശ്രമങ്ങള് തുടങ്ങിയിട്ട്
കുറച്ചുകാലമായി. ഈ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് മതസാമുദായിക
ശക്തികളാണ്. ഇക്കൂട്ടര്ക്ക് രാഷ്ട്രീയകക്ഷികളില് ചെലുത്താന് കഴിയുന്ന
സ്വാധീനമാണ് ഭരണപരമായ ഇടപെടലുകളായി ചരിത്രപാഠ പുസ്തകങ്ങളെ അംഗഭംഗം
വരുത്തി ക്ലാസുകളില് പഠിപ്പിക്കാന് നിര്ബന്ധിതമാക്കുന്നത്. തെരഞ്ഞെടുപ്പു
രാഷ്ട്രീയത്തില് മത സാമുദായിക നേതാക്കളുടെ നിര്ദ്ദേശാനുസൃതമാണ്
വോട്ടര്മാര് ഏതെങ്കിലും രാഷ്ട്രീയകക്ഷിയേയോ മുന്നണിയേയോ
പിന്തുണയ്ക്കുന്നത് എന്ന തെറ്റിദ്ധാരണയില്നിന്നാണ് ഭരണാധികാരികള്
ഇക്കൂട്ടരുടെ വാക്കുകള്ക്ക് കാതോര്ക്കുന്നത്. കേരളത്തിലെ
വോട്ടര്മാരെല്ലാം ജാതി - മത സംഘടനകളുടെ കക്ഷത്തിലാണെന്ന അവകാശവാദവും
രാഷ്ട്രീയകക്ഷികള് അത് അംഗീകരിച്ചുകൊടുക്കുന്നതും വോട്ടര്മാരെ
അധിക്ഷേപിക്കലാണ്. ജാതി - മത പരിഗണനകള്ക്കതീതമായി ചിന്തിക്കുന്നവരാണ്
ബഹുഭൂരിപക്ഷം വോട്ടര്മാരും. അതിനാല് അവരുടെ
തീരുമാനത്തിനനുസരിച്ചായിരിക്കണം പാഠപുസ്തകങ്ങളും വിലയിരുത്തപ്പെടേണ്ടത്.
സമ്പൂര്ണ സാക്ഷരത കൈവരിച്ച കേരളത്തില് ഇപ്പോഴും വോട്ടര്മാരെ
ഭരണാധികാരികള് സമീപിക്കുന്നത് വിവരദോഷികള് എന്ന നിലയ്ക്കാണ്.
ഭരണാധികാരികളെപ്പറ്റി വോട്ടര്മാര്ക്ക് ചില ധാരണകളുണ്ട്. അത് അവരുടെ
നിത്യജീവിതത്തിലെ അനുഭവങ്ങളില്നിന്നും രൂപപ്പെടുന്നതാണ്.
ഭരണാധികാരികള്ക്ക് വോട്ടര്മാരെപ്പറ്റിയുള്ള അഭിപ്രായം
മുന്ധാരണയില്നിന്നും രൂപപ്പെടുന്നതാണ്. മുന്ധാരണകള് ആരുടേതായിരുന്നാലും
ശരിയായിരിക്കണമെന്നില്ല. ഇക്കാലത്ത് ആരും സര്വജ്ഞരല്ല. അതിനര്ത്ഥം
എല്ലാവരും അല്പജ്ഞാനികളാണെന്നാണ്. ഈ അല്പജ്ഞാനത്തില്നിന്നാണ്
പാഠപുസ്തകങ്ങള് തെറ്റാണ് എന്ന നിഗമനം ഉണ്ടാകുന്നത്.
ഇത്രയും ആമുഖമായി പറഞ്ഞത് ഈ അദ്ധ്യയനവര്ഷം പത്താം ക്ലാസില്
പഠിപ്പിക്കാനിരിക്കുന്ന സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില് ക്രൈസ്തവസഭയെ
ബോധപൂര്വം അധിക്ഷേപിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട് എന്ന്
കത്തോലിക്കാസഭ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ്. ഈ
ആരോപണം ആദ്യം ഉന്നയിച്ചത് മേയ് 12-ാം തീയതിയിലെ "ദീപിക"
ദിനപത്രത്തിലൂടെയായിരുന്നു. പാഠപുസ്തകത്തിന്റെ "ആധുനികയുഗത്തിന്റെ ഉദയം"
എന്ന ഒന്നാം അദ്ധ്യായത്തില് പാശ്ചാത്യ നവോത്ഥാനത്തെപ്പറ്റി
പ്രതിപാദിച്ചതിനുശേഷം യൂറോപ്പില് പ്രചാരത്തിലിരുന്ന റോമന്
കത്തോലിക്കാസഭയില് നടന്ന നവീകരണ ശ്രമങ്ങളെപ്പറ്റി വിവരിക്കുന്ന ഭാഗമാണ്
കേരളത്തിലെ ഇപ്പോഴത്തെ കത്തോലിക്കാ മത നേതാക്കള്ക്ക് അവഹേളനപരമായി
തോന്നിയത്. പത്രവാര്ത്തയുടെ പ്രസക്തഭാഗം ഇങ്ങനെ:
"പുസ്തകത്തിന്റെ പതിനഞ്ചാം പേജില് മതനവീകരണമെന്ന ഭാഗത്ത് ക്രൈസ്തവ സഭയെ
അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള
വസ്തുതാവിരുദ്ധമായ കാര്യങ്ങള് ഉള്പ്പെടുത്തിയിരിക്കുന്നു... അക്കാലത്ത്
സഭയില് വന് അഴിമതി നടന്നുവെന്ന് വരുത്തിത്തീര്ക്കാനുള്ള ശ്രമമാണ്
പാഠഭാഗത്തുള്ളത്. ഇതു സമര്ത്ഥിക്കാന് ജോണ് വൈ ക്ലിഫ് ജോണ്ഹസ് എന്നിവരേയും
ഉദ്ധരിച്ചിട്ടുണ്ട്. സഭയില് നടക്കുന്ന അഴിമതി ചോദ്യം ചെയ്ത ഇരുവരും
ശിക്ഷിക്കപ്പെട്ടുവെന്നാണ് പാഠപുസ്തകത്തില് പറയുന്നത്. പൗരോഹിത്യമേഖലയില്
അക്കാലത്ത് അഴിമതി നടന്നുവെന്നും പുസ്തകത്തില്
എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. സന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ
പുനര്നിര്മാണംമൂലം പതിനാറാം നൂറ്റാണ്ടില് കത്തോലിക്കാസഭ കടുത്ത
സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുവെന്നും അതു മറികടക്കാന് ആക്ഷേപകരമായ
നടപടികള് സഭ സ്വീകരിച്ചുവെന്നുമാണ് മറ്റൊരു ആക്ഷേപം. പാപ പരിഹാരത്തിനുള്ള
ഉപാധിയായി സാധാരണക്കാര്ക്ക് പാപമുക്തി പത്രം വിറ്റ് സഭ
പണമുണ്ടാക്കിയെന്നും പുസ്തകം ആക്ഷേപിക്കുന്നു".
യൂറോപ്പിലെ കത്തോലിക്കാസഭയെക്കുറിച്ച് പാഠപുസ്തകത്തില് കൊടുത്തിരിക്കുന്ന
ഭാഗം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സ്കൂള് - കോളേജ്
ക്ലാസുകളില് പഠിപ്പിച്ചു വരുന്നവയാണ്. പത്രവാര്ത്തയില് "ആക്ഷേപകര"മെന്ന്
മുദ്രകുത്തി പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇത്രയും നാള്
പഠിപ്പിച്ചുപോന്നിരുന്നത്. ഇതിനുമുമ്പത്തെ സാമൂഹ്യശാസ്ത്രം
പാഠപുസ്തകത്തിലും കേന്ദ്ര സര്ക്കാരിന്റെ വിദ്യാഭ്യാസ ഏജന്സിയായ
എന്സിഇആര്ടി തയ്യാറാക്കി സിബിഎസിഇ സ്കൂളുകളില് പഠിപ്പിച്ചുവരുന്ന
പാഠപുസ്തകങ്ങളിലും "ആക്ഷേപകരമായ" ഈ വസ്തുതകള് കൊടുത്തിട്ടുണ്ട്. വിവിധ
ക്രൈസ്തവസഭകള് നടത്തിവരുന്ന സിബിഎസ്ഇ സ്കൂളുകളില് ഇത്ര കാലവും ഈ
പാഠഭാഗങ്ങള് പഠിപ്പിച്ചിരുന്നില്ലേ? കേരള പാഠ്യപദ്ധതി പ്രകാരം
ക്രൈസ്തവസഭകള് നടത്തുന്ന സ്കൂളുകളിലും കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകാലമായി
ഈ പാഠഭാഗങ്ങള് പഠിപ്പിച്ചുവരുന്നു. മൂടുപടമിട്ട സന്ന്യാസിനിമാരും ളോഹ
ധരിച്ച സന്ന്യാസിമാരും സാമൂഹ്യശാസ്ത്രം അദ്ധ്യാപകരായി എയിഡഡ് സ്കൂളുകളില്
പഠിപ്പിക്കുന്നു. അവര് സര്ക്കാര് ഖജനാവില്നിന്ന് ശമ്പളവും പറ്റുന്നു.
അവരാരും ഇത്രയും നാള് ഇത് ആക്ഷേപകരമാണെന്ന് പറഞ്ഞിട്ടില്ല;
പഠിപ്പിക്കാതിരുന്നിട്ടില്ല. ശ്രേഷ്ഠന്മാരായ നിരവധി പുരോഹിതന്മാര്
കേരളത്തിലെ ക്രൈസ്തവസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന്
സേവനമനുഷ്ഠിക്കുകയും കാലം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരാരും തന്നെ
അതാതുകാലത്തെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില് സ്ഥിരമായി
ഉള്പ്പെടുത്തിപ്പോരുന്ന ഈ പാഠഭാഗങ്ങളെപ്പറ്റി എതിരഭിപ്രായം ഒന്നും
പറഞ്ഞിട്ടില്ല. അതിനാല്ത്തന്നെ ഇപ്പോള് ഉയര്ത്തിക്കൊണ്ടുവന്നിരിക്കുന്ന
വിവാദത്തിനുപിന്നില് മറ്റു ചില ഉദ്ദേശങ്ങളുണ്ട് എന്നത് വ്യക്തം.
കേരളത്തിലെ ഹൈസ്കൂള് ക്ലാസുകളില് സാമൂഹ്യശാസ്ത്രം അദ്ധ്യാപകരായി ജോലി
ചെയ്യുന്നവരില് പകുതിയോളം പേരെങ്കിലും ചരിത്രം ഐഛിക വിഷയമായെടുത്ത്
പഠിച്ച് ബിരുദമെടുത്തവരാണ്. അവര് കോളേജ് ക്ലാസുകളില് ലോകചരിത്രം പഠിച്ച
കൂട്ടത്തില് പാശ്ചാത്യ നവോത്ഥാനത്തെപ്പറ്റിയും മതനവീകരണത്തെപ്പറ്റിയും
പഠിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്ക്കുമുമ്പ് അവര് പഠിച്ചതില്നിന്നും
വ്യത്യസ്തമായ എന്തെങ്കിലും കാര്യം ഇപ്പോഴത്തെ പാഠപുസ്തകത്തിലുണ്ടോയെന്ന്
അവര് പറയട്ടെ. കേരളത്തിലെ സര്വകലാശാലകള് ബിരുദപഠനത്തിനായി
തയ്യാറാക്കിയിട്ടുള്ള ഏറ്റവും പുതിയ സിലബസ്സിലും (2009-10 വര്ഷം മുതല്
നടപ്പാക്കിയ സെമസ്റ്റര് സമ്പ്രദായപ്രകാരമുള്ളത്) മതനവീകരണത്തെപ്പറ്റി
പഠിക്കാനുണ്ട്. കോളേജദ്ധ്യാപകര് , ഐഎഎസ്സുകാരുള്പ്പെടെയുള്ള
സര്ക്കാരുദ്യോഗസ്ഥര് , അഭിഭാഷകര് , ന്യായാധിപന്മാര് , രാഷ്ട്രീയകക്ഷി
പ്രവര്ത്തകര് എന്നിവരുടെ കൂട്ടത്തില് ചരിത്രം ഐഛിക വിഷയമായി പഠിച്ച
നിരവധിപേരുണ്ട്. അവര് പഠിച്ച മതനവീകരണത്തില് കത്തോലിക്കാസഭയുടെ
ദുഷ്ചെയ്തികളെപ്പറ്റിയുള്ള ദീര്ഘമായ വിവരണങ്ങളുണ്ട്. മതനവീകരണത്തെപ്പറ്റി
പഠിക്കാനുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ യൂറോപ്യന് രാജ്യങ്ങളില്
പ്രസിദ്ധീകരിച്ചവയാണ്. കോളേജ് ക്ലാസുകളില് ആ പുസ്തകങ്ങളെ ആശ്രയിച്ചാണ്
അദ്ധ്യാപകര് ഇപ്പോഴും പഠിപ്പിക്കുന്നതും വിദ്യാര്ത്ഥികള് പഠിക്കാനായി
ആശ്രയിക്കുന്നതും. കേരളത്തില് സ്കൂള് പാഠപുസ്തകങ്ങള് നിര്മ്മിക്കാനായി
പാഠപുസ്തകസമിതിക്കാര് ഉപയോഗിക്കുന്നതും ഇത്തരം പുസ്തകങ്ങളെയാണ്.
"അദ്ധ്യാപക സഹായി"യില് അതിന്റെ വിശദാംശങ്ങള് കൊടുത്തിട്ടുണ്ട്.
പാഠപുസ്തകത്തെപ്പറ്റി ആക്ഷേപമുന്നയിച്ചവര് , പുരോഹിതന്മാരായാലും
ലൗകികന്മാരായാലും, ആ പുസ്തകങ്ങള് ഒന്നു വായിക്കണം. എന്നിട്ട്
കുമ്പസരിക്കണം പോപ്പിനെപ്പോലെ. കത്തോലിക്കാസഭയുടെ മുന്ചെയ്തികളുടെ പേരില്
പോപ്പുമാര് പിന്നീട് കുമ്പസരിച്ചിട്ടുണ്ട് പശ്ചാത്താപം പ്രായശ്ചിത്തം
എന്നാണ് യേശു പറഞ്ഞിട്ടുള്ളത്. അത് ശിഷ്യന്മാര്ക്കും ബാധകമാണ്.
കത്തോലിക്കാസഭയില് നിലനിന്നിരുന്ന അഴിമതികളും അസാന്മാര്ഗിക പ്രവൃത്തികളും
പൂര്ണ തോതില് പാഠപുസ്തകത്തില് കൊടുത്തിട്ടില്ല. അതിന്റെയാവശ്യമില്ല
എന്നതുകൊണ്ടാണ്. പതിനഞ്ചു വയസ്സുള്ള പഠിതാവിനെ ഉദ്ദേശിച്ചാണ് പാഠപുസ്തകം
തയ്യാറാക്കിയിട്ടുള്ളത്. പത്രവാര്ത്തയില് പരാമര്ശിക്കുന്ന ജോണ് വൈ
ക്ലിഫ്, ജോണ്ഹസ് എന്നിവരെ ശിക്ഷിച്ചുവെന്നത് വാസ്തവമാണ്. ഇംഗ്ലീഷുകാരനായ
ജോണ് വൈക്ലിഫിനെ ജീവിച്ചിരിക്കുമ്പോള് ശിക്ഷിക്കാന് കഴിഞ്ഞില്ല. 1386ല്
അന്തരിച്ച അദ്ദേഹത്തിന്റെ കുഴിമാടത്തില്നിന്നും അസ്ഥിക്കഷണങ്ങള്
തോണ്ടിയെടുത്ത് ചുട്ടുചാരമാക്കി 1415ല് സ്വിഫ്റ്റ് നദിയില്
ഒഴുക്കുകയായിരുന്നു. (മണ്ണടിയില്വെച്ച് ആത്മഹത്യ ചെയ്ത
വേലുത്തമ്പിദളവയുടെ ജഡം കെട്ടിവലിച്ചുകൊണ്ടുവന്ന് കണ്ണമ്മൂലയില്
കഴുവേറ്റിയതുപോലെ). പഴയ ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗ് നഗരത്തിലെ
ക്രൈസ്തവ ദേവാലയത്തിലെ പുരോഹിതനായിരുന്നു ജോണ്ഹസ്. (അന്ന് ആ
രാജ്യത്തിന്റെ പേര് ബൊഹീമിയ എന്നായിരുന്നു) മതനിന്ദാക്കുറ്റമാരോപിച്ച്
സഭാകോടതി 1416ല് അദ്ദേഹത്തെ ചുട്ടുകൊല്ലുകയായിരുന്നു. ക്രൈസ്തവസഭ
അംഗീകരിച്ചിരുന്ന വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്തു എന്നതാണ്
ഇവര്ക്കെതിരെയുള്ള കുറ്റം. ഇതേ ആരോപണമുന്നയിച്ചാണ് ശാസ്ത്രകാരന്മാരായ
കോപ്പര്നിക്കസ്സും, ഗലീലിയോയും, ബ്രൂണോയും കെപ്ലറും ശിക്ഷിക്കപ്പെട്ടത്.
പോപ്പുമാരും ബിഷപ്പുമാരും കല്യാണം കഴിക്കുകയും അവര്ക്കുണ്ടാകുന്ന
സന്തതികള്ക്കുവേണ്ടി സാധാരണക്കാരെപ്പോലെ സ്വത്തു സമ്പാദിക്കാന് വ്യഗ്രത
കാട്ടുകയും ചെയ്തിരുന്നു. ഇത് പലരുമായും കലഹത്തിന് വഴിവെച്ചു. അവിഹിത
മാര്ഗത്തിലൂടെ സ്വത്തു സമ്പാദിച്ചു. സഭാപദവിയെ ദുരുപയോഗം ചെയ്തു. മരണശേഷം
ഒരാള്ക്ക് നരകത്തിലനുഭവിക്കേണ്ടിവരുന്ന ശിക്ഷയില്നിന്നും
ഇളവുകിട്ടുന്നതിനുവേണ്ടി ജീവിച്ചിരിക്കുമ്പോള്ത്തന്നെ പോപ്പ് നല്കുന്ന
"പാപ വിമോചന പത്രം" പണം കൊടുത്തു വാങ്ങുന്ന പാപികളുണ്ടായിരുന്നു. ഇതിനെ
പരസ്യമായി എതിര്ത്തതാണ് ജര്മ്മനിക്കാരനായ മാര്ട്ടിന് ലൂഥറെ
പള്ളിയില്നിന്നും പുറത്താക്കാന് കാരണം. പുറത്താക്കല് ഉത്തരവ് ലൂഥര്
ചന്തയില്വെച്ച് പരസ്യമായി കത്തിച്ചുകളഞ്ഞു. ഇതോടുകൂടിയാണ്
പ്രൊട്ടസ്റ്റന്റ് മതം ഉടലെടുക്കുന്നത്. അനേകം പേര്
ലൂഥര്ക്കൊപ്പംചേര്ന്നു. അയല്രാജ്യങ്ങളിലേക്ക് ഇത് പടര്ന്നു.
കത്തോലിക്കാസഭ അങ്ങേയറ്റം പ്രതിസന്ധിയിലായി. ഇതിനെ തരണം ചെയ്യാനാണ്
ജെസ്യൂട്ട് പാതിരിസംഘം ഉടലെടുത്തത്. ഇതിന്റെ ഒരു പ്രധാന തീരുമാനം
പോപ്പുമാരും ബിഷപ്പുമാരും വിവാഹിതരാകാന് പാടില്ലായെന്നുള്ളതാണ്.
വിവാഹത്തിലേര്പ്പെട്ടിരുന്നതുകൊണ്ടാണല്ലോ അത് പിന്നീട്
നിരോധിക്കപ്പെട്ടത്. കത്തോലിക്കാസഭക്കുള്ളില് നടന്നിരുന്ന ഇത്തരം
അനാശാസ്യ പ്രവര്ത്തനങ്ങളെ നിഷേധിക്കാന് ചരിത്രത്തിനാവില്ല. ഇത്തരം
വിശദാംശങ്ങളൊന്നും പാഠഭാഗത്ത് കൊടുത്തിട്ടില്ല. മതനവീകരണത്തിന്റെ ഒരു
സന്ദര്ഭം പഠിതാവിനെ പരിചയപ്പെടുത്തി കൊടുക്കുകയെന്ന ലക്ഷ്യം മാത്രമേ
പാഠപുസ്തക സമിതിക്കുണ്ടായിരുന്നുള്ളൂ.
എന്തായാലും കെസിബിസി മാത്രമാണ് പാഠപുസ്തകത്തിനെതിരെ യുദ്ധപ്പുറപ്പാട്
നടത്തുന്നത്. അവര് പരാതി സര്ക്കാരിനു നല്കി.സര്ക്കാര് ഒരു വിദഗ്ദ്ധ
സമിതിയെ നിയമിക്കാന് ആലോചിക്കുന്നുവെന്നാണ് ഇതെഴുതുന്ന സമയത്ത് അറിയാന്
കഴിഞ്ഞത്. കേരളത്തില് ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മറ്റ് നിരവധി
സഭകളുണ്ട്. അവരാരും തന്നെ പാഠപുസ്തകം വാസ്തവവിരുദ്ധമായ കാര്യങ്ങള്
പഠിപ്പിക്കാന് നിര്ദ്ദേശിക്കുന്നുവെന്ന് പരാതിപ്പെടുന്നില്ല.
ആധുനികയുഗത്തിന്റെ വെള്ളിനക്ഷത്രം പടിഞ്ഞാറുദിക്കാനിടയായതില് പൗരസ്ത്യ
സംസ്കാരത്തിനുള്ള സ്വാധീനം, അതില്ത്തന്നെ ഇസ്ലാമിക സംസ്കാരത്തിന്റെ പങ്ക്
എന്നിവ വസ്തുനിഷ്ഠമായിത്തന്നെ പാഠപുസ്തകത്തില് കൊടുത്തിട്ടുണ്ട്.
ഇസ്ലാമിക സംസ്കാരം ക്രൈസ്തവസഭയേയും സ്വാധീനിച്ചു എന്ന വസ്തുത കേരളത്തിലെ
കത്തോലിക്കര്ക്ക് പഥ്യമായിട്ടില്ല എന്നുവേണമെങ്കിലും നമുക്കനുമാനിക്കാം.
പാഠപുസ്തക സമിതി തയ്യാറാക്കിയ പുസ്തകം സാഹിത്യകാരിയായ പി വല്സല, സാഹിത്യ
നിരൂപകനായ കെ പി ശങ്കരന് , ചരിത്രകാരനായ എം ആര് രാഘവവാര്യര് , പി
ഗോവിന്ദപ്പിള്ള, സി പി നാരായണന് , യുഡിഎഫ് അനുഭാവ അദ്ധ്യാപക സംഘടനാ
നേതാക്കളായ ജെ ശശി, സി വി ചെറിയ മുഹമ്മദ് എന്നിവരടങ്ങുന്ന കരിക്കുലം
കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. പാഠപുസ്തകങ്ങളെപ്പറ്റി പഠിക്കാന്
നിയുക്തമായിട്ടുള്ള ഡോ. സി ജി രാമചന്ദ്രന്നായര് അദ്ധ്യക്ഷനായിട്ടുള്ള
ടെക്സ്റ്റ് ബുക്ക് കമ്മീഷനും ശരിവച്ചതാണ് ഈ പുസ്തകം.
ഇവരെയൊക്കെ ഇപ്പോള് കൊഞ്ഞനം കുത്തുകയാണ് കെസിബിസി. കെസിബിസിക്ക്
ഇഷ്ടകരമല്ലാത്തത് കേരളത്തിലെ വിദ്യാര്ത്ഥികള് പഠിക്കാന് പാടില്ല. മറ്റു
സഭക്കാര്ക്ക് ഇഷ്ടമില്ലാത്തതും പഠിക്കാന് പാടില്ല. മൗലവിമാര്ക്കും
അനിഷ്ടകരമായത് പഠിപ്പിക്കേണ്ട. നായര് , ഈഴവ, വിശ്വകര്മ്മ, ബ്രാഹ്മണ,
വാര്യര് , നാടാര് , ചാന്നാര് , പുലയ, പറയ, കുറവ, വീരശൈവ തുടങ്ങിയ
ജാതിക്കാര്ക്കും അനിഷ്ടകരമായത് പാഠപുസ്തകത്തില് ചേര്ക്കേണ്ട.
കെസിബിസിയുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചുകൊടുത്താല് നാളെ മേല്പ്പറഞ്ഞ
ജാതിക്കാരൊക്കെ ഇതേ പോലുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ട് രംഗത്തുവരും.
അവരുടെയൊക്കെ ആവശ്യങ്ങള് അംഗീകരിച്ചു കൊടുക്കാന് കേരള സര്ക്കാരിനാകുമോ?
വിദ്യാഭ്യാസമന്ത്രി തയ്യാറായേക്കും. കയ്യാലപ്പുറത്തെ
തേങ്ങാപോലെയിരിക്കുന്ന അദ്ദേഹത്തിന്റെ ഭാവി ഇക്കൂട്ടരെ
ആശ്രയിച്ചായിരിക്കാം തീരുമാനിക്കപ്പെടുന്നത്.
ജാതി - മത ശക്തികളുടെ "ഭയ കൗടില്യലോഭങ്ങള്"ക്കു വഴങ്ങിയാണ് കേരളത്തിലെ
യുഡിഎഫ് സര്ക്കാര് ഭരിക്കാന് തുടങ്ങുന്നത് എന്നതിന്റെ സൂചനയാണ്
സാമൂഹ്യശാസ്ത്രം പാഠപുസ്തകം തിരുത്താനുള്ള സമിതിയെ നിയോഗിക്കുന്നതിലൂടെ
വെളിവാകുന്നത്. ഇത് അക്കാദമികരംഗത്ത് വളരെ അപകടകരമായ ഒരു പ്രവണതയ്ക്കാണ്
തുടക്കംകുറിക്കുന്നത്. ഹൈസ്കൂളില്നിന്നും ഹയര് സെക്കന്ഡറിയിലേക്കും
കോളേജു ക്ലാസുകളിലേക്കും ജാതി - മത സംഘടനകളുടെ നീരാളിക്കൈകള്
നീണ്ടുചെല്ലും. ആരുടെയും വികാരത്തെ നോവിക്കാതെ വേണം ചരിത്രം
പഠിപ്പിക്കാന് എന്ന് അധികാരികള് നിര്ദ്ദേശിച്ചാല് അത് അനുസരിക്കാന്
അക്കാദമിക സമൂഹം ബാദ്ധ്യസ്ഥമാണോ എന്നതാണ് ചോദ്യം. "ശഠരാകുമൃഷികളുടെ ശാപം
ഭയന്ന രചര് ചാപം കുലക്കു"മ്പോള് വിരണ്ടുപോകാന് തക്കവണ്ണം
ഷണ്ഡീകരിക്കപ്പെട്ടവരല്ല കേരളത്തിലെ അക്കാദമിക സമൂഹം. ഭൂതകാലം നമ്മുടെ
മുന്നിലില്ല. ഭൂതകാലത്തെ സംബന്ധിച്ച തെളിവുകളും രേഖകളും മാത്രമാണ്
നമുക്ക് ലഭ്യമായിട്ടുള്ളത്. അവയെ വിശകലനം ചെയ്ത് അവതരിപ്പിക്കുക എന്ന
ദൗത്യമാണ് ചരിത്രകാരന്റെ മുന്നിലുള്ളത്. ഭൂതകാലത്ത് ജീവിച്ചിരുന്ന
വ്യക്തികളെ അവരുടെ കാലഘട്ടത്തിന്റെ സാഹചര്യം വ്യക്തമാക്കിയതിനുശേഷമാണ്
ചരിത്രകാരന് അവതരിപ്പിക്കുന്നത്. ഈ സന്ദര്ഭവല്ക്കരണം പ്രധാനമാണ്.
അല്ലെങ്കില് ഈ ചരിത്ര പുരുഷന്മാര് കരയില് പിടിച്ചിട്ട മീനിനെപ്പോലെ
പിടയ്ക്കും.
പരീശന്മാരെ ചമ്മട്ടികൊണ്ടാട്ടിയോടിച്ച യേശുവിനെ ഒരു കുറ്റവാളിയായി ആരും
കരുതുന്നില്ല. യേശു നിഷ്പക്ഷനായിരുന്നുവെന്ന് ആരും പറയുകയില്ല. പക്ഷേ,
അദ്ദേഹം ആരുടെ പക്ഷം പിടിച്ചുവെന്നത് ചരിത്രകാരന് പറയേണ്ടതായിവരും. ശ്രീ
ബുദ്ധനും, മുഹമ്മദ് നബിയും, ശ്രീ നാരായണനും, മഹാത്മാഗാന്ധിയും ആരുടെ
പക്ഷം പിടിച്ചുവെന്നത് പറയുക ചരിത്രകാരന്റെ ധര്മ്മമാണ്. അതറിയാനുള്ള
അവകാശം വര്ത്തമാനകാല സമൂഹത്തിനുണ്ട്; വിദ്യാര്ത്ഥികള്ക്കുണ്ട്. ഈ അറിവ്
വിനിമയം ചെയ്യുമ്പോള് ആര്ക്കെങ്കിലും നോവുന്നെങ്കില് അവരത് സഹിക്കുകയോ
നിവര്ത്തിയുള്ളൂ. നിങ്ങളറിഞ്ഞാല് എനിക്ക് നോവും അതുകൊണ്ട് നിങ്ങളതറിയേണ്ട
എന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ല. രോഗിക്കു
വേദനിക്കുമെന്നുള്ളതുകൊണ്ട് അര്ബുദബാധയേറ്റ ജീവകോശങ്ങളെ ഛേദിച്ചു
കളയേണ്ടെന്ന് ഒരു ഭിഷഗ്വരനും വിധിക്കുകയില്ലല്ലോ. ആ ഭിഷഗ്വരനോട് അങ്ങനെ
നിര്ദ്ദേശിക്കാന് ഭരണാധികാരിക്ക് ഒരധികാരവുമില്ല. അറിവ് വെളിച്ചമാണ്.
അതിനെ ഭയക്കുന്നത് തമോശക്തികളാണ്. തമോശക്തികളുടെ വാലില്
കെട്ടിവലിച്ചിഴക്കാനുള്ളതല്ല കേരളം. അതല്ല കേരളത്തിന്റെ ജനാധിപത്യബോധം.
കടപ്പാട് :സുധാകരന്‍ കല്ലറ
No comments:
Post a Comment